കാട്ടുപന്നിയെ കൊന്ന് പാകം ചെയ്തു കഴിച്ചു; ഇനി ഭക്ഷണം ജയിലില്‍

കോഴിക്കോട്: കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി സോസഫ് എന്ന സിറാജുദ്ദീന്‍(46), കൊടുവള്ളി വാവാട് കൈതക്കുന്നുമല്‍ ഭരതന്‍(67) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊടുവള്ളി മാനിപുരം ഭാഗത്ത് വെച്ച് ഇവര്‍ കാട്ടുപന്നിയെ കുരുക്കിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഭരതന്റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്‍പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വിമലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

പ്രതികള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി വിജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ് നിധിന്‍, പി.വി സ്മിത, എം.ടി സുധീഷ്, ഡ്രൈവര്‍ ജിതേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികിട്ടാനുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ആര്‍.എഫ്.ഒ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ബാലനെ മൂന്ന് കൊല്ലത്തോളം ലൈംഗികമായി പീഡിപ്പിച്ചത് 27-കാരൻ; 35 വര്‍ഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം