സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, യുവാവ് ആശുപത്രിയിൽ; പകല്‍ സമയത്ത് പോലും ദുരിതമെന്ന് നാട്ടുകാര്‍
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ നരേഷ് അവശനിലയില്‍ വഴിയരികില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇതുവഴി പോയവരാണ് ഇദ്ദേഹത്തെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്.

മാനന്തവാടി: വയനാട്ടില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്കായിരുന്നു സംഭവം.
യാത്രയ്ക്കിടെ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്‌കൂട്ടര്‍ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ നരേഷ് അവശനിലയില്‍ വഴിയരികില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇതുവഴി പോയവരാണ് ഇദ്ദേഹത്തെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഫോറസ്റ്റര്‍ എ. രമേശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ് നന്ദഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ നരേഷിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കൈക്കും കാലിനും, കഴുത്തിനും പരിക്കേറ്റ യുവാവ് ചികില്‍ത്സയിലാണ്. പകല്‍ പോലും പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം വവ്വാലുകളിൽ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദേശം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് അറിയിപ്പ്.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആർ വ്യാപകമായി വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. വയനാട്ടിൽ നിന്നും ശേഖരിച്ച വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പൊതുജന അവബോധം കൂട്ടാൻ മാത്രമാണ് വിവരം പുറത്തുപറഞ്ഞത്. എന്നാല്‍, ഈ സ്ഥിരീകരണം ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തെയുമെല്ലാം ബാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. എന്നാൽ, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങൾക്കുള്ള സ്വയം ചികിത്സ മാറ്റിവച്ചു ഡോക്ടറെ കാണുക, എന്നിങ്ങനെയാണ് നിർദേശം. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് ഡിഎംഒ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...