ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് എത്തിയതായിരുന്നു ആര്‍.ആര്‍.ടി സംഘം. സ്ഥലത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാന റോഡിലേക്കിറങ്ങി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പാലക്കാട്: അട്ടപ്പാടിയില്‍ വനം വകുപ്പിന്‍റെ ആർ.ആർ.ടി വാഹനത്തിന് നേരെ ഒറ്റയാന്‍റെ ആക്രമണം. അപ്രതീക്ഷിതമായുള്ള കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് സംഭവം. അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന് സമീപത്ത് കാട്ടാന ഇറങ്ങിയതറിഞ്ഞ് എത്തിയ വനംവകുപ്പിന്‍റെ റാപിഡ് റെസ്പോണ്‍സ് ടീമിന്‍റെ ജീപ്പിന് മുന്നിലാണ് ആന എത്തിയത്.

ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് എത്തിയതായിരുന്നു ആര്‍.ആര്‍.ടി സംഘം. സ്ഥലത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാന റോഡിലേക്കിറങ്ങി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഏറെ ദൂരം പിന്നിലേക്ക് ഓടിച്ചാണ് ചിന്നം വിളിച്ച് പാഞ്ഞെത്തിയ ഒറ്റയാനില്‍ നിന്ന് ആര്‍ആര്‍ടി സംഘം രക്ഷപ്പെട്ടത്. പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന പിന്തിരിയുകയായിരുന്നു. 

ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് ആദ്യമെത്തിയത് വനംവകുപ്പ് സംഘമാണ്. ആനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തിയത്. ഒടുവില്‍ പടക്കമെറിഞ്ഞും പാട്ട കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഏറെ പണിപ്പെട്ടാണ് ആനയെ കാട്ടിലേക്ക് തിരിച്ച് കയറ്റിയത്. ആന കാട് കയറിയെങ്കിലും വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. 

വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് അട്ടപ്പാടിയിലെ കര്‍ഷകര്‍. കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വലിയ കൃഷിനാശമാണ് ഇവടുത്തെ കര്‍ഷകര്‍ നേരിടുന്നത്. ആന ശല്യം തടയാനായി ഇലക്ട്രിക് ഫെന്‍സിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാമെന്ന് അധികൃതര്‍ പലതലവണ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെട്ട് വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലെ കര്‍ഷകരുടെ ആവശ്യം. 

അട്ടപ്പാടിയിൽ കാട്ടാനയുടെ പരാക്രമം ; ആർആർടി വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു | Wild Elephant Attack

Read More : വനംവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; ആനക്കുട്ടിയുടെ ഫോട്ടെയെടുക്കാന്‍ തിരക്ക്, പാഞ്ഞടുത്ത് കാട്ടാന

കഴിഞ്ഞ ദിവസം പാലക്കാട് നെല്ലിയാമ്പതി ചുരത്തിലും കാട്ടാനയിറങ്ങിയിരുന്നു. ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് യാത്രക്കാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നെല്ലിയാമ്പതി ചുരത്തിലൂടെ കാട്ടാന കൂട്ടം പോകുന്നത് കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങിയ യാത്രക്കാര്‍ കാട്ടാന കൂട്ടത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആനക്കൂട്ടത്തിന്‍റെ തൊട്ടടുത്ത് നിന്നും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇഷ്ടപ്പെടാതിരുന്ന കുട്ടിയാനയാണ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തത്.