ചക്ക തേടി അതിർത്തി വനങ്ങളിലെ കാട്ടാനകൾ പതിവായി കാടിറങ്ങിത്തുടങ്ങിയതോടെ അതിർത്തിഗ്രാമങ്ങളിലെ ഇവരുടെ ജീവിതം ശരിക്കും ദുരിതമായി തീർന്നിരിക്കുകയാണ്.
പുൽപ്പള്ളി: “ഇവിടെയൊന്നും പഴുത്ത് പാകമായ ഒരു ചക്ക പ്ലാവിൽ കാണില്ല. ഒന്നുകിൽ ഞങ്ങൾ തന്നെ പഴുക്കാൻ സമ്മതിക്കില്ല. അല്ലെങ്കിൽ ആനകൾ സമ്മതിക്കില്ല. ചക്കയും മാങ്ങയും കാരണം ആനശല്യം പതിവിലുമേറിയിരിക്കുകയാണ് സാറെ…!”
ഇത് പറയുന്നത് പുൽപ്പള്ളിയിൽ കർണാടകയുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കർഷകരാണ്.
ചക്ക തേടി അതിർത്തി വനങ്ങളിലെ കാട്ടാനകൾ പതിവായി കാടിറങ്ങിത്തുടങ്ങിയതോടെ അതിർത്തിഗ്രാമങ്ങളിലെ ഇവരുടെ ജീവിതം ശരിക്കും ദുരിതമായി തീർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരക്കടവ് പഞ്ഞിമുക്കിലിറങ്ങിയ കാട്ടാനകൾ മങ്ങാട്ടുകുന്നേൽ ബേബി എന്ന കർഷകൻ്റെ കൃഷിയിടം ചവിട്ടിമെതിച്ചാണ് തിരികെ പോയത്. കൃഷിയിടങ്ങളിലെ മാവുകളും പ്ലാവുകളും ലക്ഷ്യമിടുന്ന ആനകൾ വരുന്ന വഴിയിൽ തടസമായി നിൽക്കുന്നതെല്ലാം തകർക്കും. വേലിയും മരങ്ങളും കാർഷികവിളകളുമെല്ലാം ചവിട്ടി മെതിച്ചും കുത്തിമറിച്ചുമാണ് ബേബിയുടെ പറമ്പിലേക്ക് എത്തിയത്. കഴിഞ്ഞവർഷവും ഇതേസമയത്ത് സമാന സ്ഥിതിയായിരുന്നുവെന്ന് ബേബി പറയുന്നു.
ഇദ്ദേഹത്തിൻ്റെ തോട്ടത്തിലെ വാഴകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വന്യ മൃഗങ്ങൾ കടക്കാതിരിക്കുന്നതിനായി പറമ്പിന് ചുറ്റിലും സ്ഥാപിച്ചിരുന്ന വേലി തകർത്താണ് ആനകൾ കൃഷിയിടത്തിലേക്ക് കടന്നത്. തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ തോട്ടത്തിലെ സകലവിളകളും നശിപ്പിച്ചിട്ടുണ്ട്. കുരുമുളകുവള്ളികൾ പടർത്തിയിരുന്ന മരത്തൈകളും ചവിട്ടിമറച്ചിട്ടു. നനക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈനുകൾ പോലും നശിപ്പിച്ചുണ്ട്. ബേബിയുടെ വീട്ടുമുറ്റം വഴി ആന കയറിപ്പോയതിന്റെ കാൽപ്പാടുകൾ വ്യക്തമായി കാണാം. കഴിഞ്ഞവർഷം ആനയിറങ്ങി നാശംവരുത്തിയതിന് ശേഷം ഇദ്ദേഹം നട്ടുപരിപാലിച്ച് പോന്നവയാണ് വീണ്ടും ആന നശിപ്പിച്ചിരിക്കുന്നത്.
വനം വകുപ്പ് നൽകുന്നത് തുച്ഛമായ നഷ്ടപരിഹാര തുക
വന്യമൃഗങ്ങൾ കാർഷികവിള നശിപ്പിച്ചാൽ തുച്ഛമായ നഷ്ടപരിഹാരമാണ് വനംവകുപ്പ് നൽകുക. അതും കൃത്യമായി ലഭിക്കാറില്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിനായി അപേക്ഷ കൊടുക്കാനൊന്നും പ്രദേശത്തെ കർഷകർ സമയം മെനക്കെടുത്താറില്ല. ഈ നിലയിൽ പോയാൽ കൃഷി ചെയ്ത് ജീവിക്കാനാവാത്ത സ്ഥിതിയിലാവുമെന്നാണ് ബേബി അടക്കമുള്ള കർഷകർ പറയുന്നത്. വനമേഖലയിൽ നിന്നാണ് കാട്ടാനകൾ കബനിപ്പുഴ കടന്ന് ഇവിടേക്കെത്തുന്നത്. വൈദ്യുത വേലിയടക്കമുള്ള പ്രതിരോധസംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
