Asianet News MalayalamAsianet News Malayalam

കാട്ടാനയെ ഓടിക്കാനെത്തി, ഒടുവില്‍ കാട്ടാന ഓടിച്ചു; രണ്ട് കിലോമീറ്റര്‍ പിന്നോട്ടോടി ആര്‍ആര്‍ടീമിന്‍റെ വാഹനം

പുതുർ വനം വകുപ്പിന്‍റെ ആർആർ ടീമിലെ ചിലര്‍ ടോർച്ച് തെളിച്ച് ബഹളം വെച്ച് കാട്ടാനയെ തുരത്തുന്നതിനിടയിൽ എതിരെയുണ്ടായിരുന്ന ആർആർ ടീമിന്‍റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. 

wild elephant attack towards the vehicle of Forest Department RR team
Author
First Published Dec 2, 2022, 10:12 AM IST


പാലക്കാട്:  അട്ടപ്പാടി പാലൂരിൽ വനം വകുപ്പിന്‍റെ ആർആർ ടീമിന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പാലൂരിൽ ഇന്ന് പുലച്ചെ 2.30 യോടെയാണ് പാലൂർ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങിയത്. ഇതറിഞ്ഞ് സ്ഥലതെത്തിയതായിരുന്നു പുതുർ വനം വകുപ്പിന്‍റെ ആർആർ ടീമിലെ ചിലര്‍ ടോർച്ച് തെളിച്ച് ബഹളം വെച്ച് കാട്ടാനയെ തുരത്തുന്നതിനിടയിൽ എതിരെയുണ്ടായിരുന്ന ആർആർ ടീമിന്‍റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വാഹനമൊതുക്കി കാട്ടാനയ്ക്ക് കയറി പോകാൻ അവസരമൊരുക്കിയെങ്കിലും കാട്ടാന പിന്തിരിഞ്ഞില്ലാ. രണ്ട് കിലോമീറ്ററോളം വാഹനത്തെ പിൻതുടർന്ന കാട്ടാന ഒടുവില്‍ കാട്ടിലേക്ക് കയറി പോകുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ആഴ്ചയില്‍ ഏതാണ്ടെല്ലാ ദിവസവും അതിരപ്പിള്ളി മലക്കപ്പാറ റോഡ് തടസപ്പെടിത്തിയ കാട്ടാന കബാലിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് ഇതുവഴിയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ നാല് ദിവസമായി കാട്ടാനയുടെ സാന്നിധ്യം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നിരോധനത്തില്‍ ഇളവ് നല്‍കി. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടർ അറിയിച്ചു.   കാട്ടുകൊമ്പൻ കബാലിയുടെ ആക്രമണങ്ങൾ പതിവായതോടെയാണ് മലക്കപ്പാറ - ഷോളയാര്‍ വഴിയുള്ള  വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. 

കഴിഞ്ഞ ആഴ്ച കാട്ടാന പകലും രാത്രിയുമില്ലാതെ റോഡിലിറങ്ങി യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ 23 ന് രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെ ആയിരുന്നു ഈ പാതയിൽ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. ലോറികളും ബസുകളും കിലോമീറ്ററുകളോളം പിന്നോട്ടോടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

എന്നാല്‍, കഴിഞ്ഞ നാല് ദിവസമായി റോഡിലോ പരിസരപ്രദേശങ്ങളിലെ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍  അതിരപ്പിള്ളി - മലക്കപ്പാറ - ഷോളയാര്‍ വഴിയുള്ള യാത്രനിരോധനത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. നിയന്ത്രങ്ങളോടെ വനപാതയിലൂടെ സഞ്ചാരികളെ കടത്തിവിടാമെന്ന് വനം വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എന്നാൽ, ഈ വഴിയിൽ വനം വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണം തുടരാനും തീരുമാനിച്ചു. ഇടുക്കിയും തൃശ്ശൂരിനും പുറകെ ഇപ്പോള്‍ പാലക്കാടും കാട്ടാനകള്‍ റോഡിലിറങ്ങി ഗതാഗത തടസം സൃഷ്ടിക്കുകയാണ്. വേനല്‍ കനത്താല്‍ കാട്ടാനകള്‍ അടക്കുമുള്ള മൃഗങ്ങളുടെ ശല്യം ഇനിയും കൂടുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 


കൂടുതല്‍ വായനയ്ക്ക്:  അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു; മേൽശാന്തിയുടെ വാഹനം കുത്തിമറിച്ചിട്ടു

കൂടുതല്‍ വായനയ്ക്ക്:  പാലക്കാട്ട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

Follow Us:
Download App:
  • android
  • ios