കക്കാട്ടാറില്‍ കൊമ്പന്‍മാരുടെ കലക്കിക്കുളി, ആശങ്കയോടെ നാട്ടുകാർ, ഒടുവില്‍...
കഴിഞ്ഞമാസം ഇതേ സ്ഥലത്ത് ഇറങ്ങിയ ആനകൾ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്

പത്തനംതിട്ട: കക്കാട്ടാറില്‍ അടിച്ച് കലക്കി കൊമ്പന്മാരുടെ കുളി. സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തുമോയെന്ന നാട്ടുകാരുടെ ആശങ്ക വെറുതെയായി. മണിക്കൂറുകള്‍ പുഴയിൽ ഉല്ലസിച്ച കൊമ്പന്മാരടക്കമുള്ള കാട്ടാനക്കൂട്ടം പ്രശ്നങ്ങളുണ്ടാക്കാതെ കാട് കയറി. പത്തനംതിട്ട ചിറ്റാർ അള്ളുങ്കൽ മേഖലയിലാണ് കാട്ടാനക്കൂട്ടം എത്തിയത്. അള്ളുങ്കൽ ഡാമിന് സമീപം എത്തിയ ആനകൾ കക്കാട്ടാറിൽ കുളിച്ചശേഷം കാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞമാസം ഇതേ സ്ഥലത്ത് ഇറങ്ങിയ ആനകൾ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. രാവിലെ 9 മണിയോടെ ഇറങ്ങി ആനകളുടെ ദൃശ്യങ്ങൾ നാട്ടുകാരാണ് പകർത്തിയത്.
കഴിഞ്ഞ മാസം അവസാനം റോഡിന് ഇരുഭാഗത്തും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളേയും ഇരുചക്ര വാഹനങ്ങളേയും കൂസാതെ മൂന്നാറിലേക്കുള്ള പ്രധാന പാതയിലൂടെ കാട്ടാന കൂട്ടം നടന്ന് നീങ്ങിയതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. നേര്യമംഗലത്തായിരുന്നു കാട്ടാനകള്‍ റോഡിലെ ഗതാഗതം അല്‍പനേരം തടഞ്ഞത്. നേര്യമംഗലത്തെ ഫോറസ്റ്റ് റേഞ്ചേഴ്സ് ഓഫീസിന്റെ മുന്‍പിലൂടെയായിരുന്നു കാട്ടാനകളുടെ അലസ നടത്തം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം