വനം വകുപ്പ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞത്.
തൃശൂര്‍: മൂന്ന് ദിവസങ്ങളായി മസ്തകത്തില്‍ വെടിയേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം പ്ലാന്റേഷനില്‍ തമ്പടിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വനം വകുപ്പ്. കൊമ്പന് വെടിയേറ്റതാണെന്ന വാര്‍ത്ത വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്.
വാഴച്ചാല്‍ ഡി.എഫ്.ഒ. ആര്‍. ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ആനയെ നിരീക്ഷിച്ച ശേഷം മസ്തകത്തിലെ മുറിവുകളുടെ കാര്യം റിട്ട. അസി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ അശോകുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഇത് വെടിയേറ്റതല്ലെന്ന് തെളിഞ്ഞത്. വെടിയേറ്റാല്‍ ആന ഒരു ദിവസത്തിന് കൂടുതല്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. കൊമ്പന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലോ, മരം മറിച്ചിടുന്നതിനിടെ മരക്കൊമ്പില്‍ നിന്നും മുറിവേറ്റതോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം. നിലവില്‍ ആന പ്ലാന്റേഷന്‍ വിട്ട് മറ്റൊരിടത്തേക്ക് മാറിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് മുറിവേറ്റ ആനയെ പ്ലാന്റേഷനില്‍ കണ്ടതെന്നാണ് പ്രചരിച്ച വാര്‍ത്തിയില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 14ന് ഇതേ ആനയുടെ മുറിവേറ്റ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സതീഷ് കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന നിഗമനത്തിലെത്തിയത്.
READ MORE: യുവതിയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസ്; കുറുവാ സംഘമല്ല, പിടിയിലായത് അച്ഛനും മകനും
