ഇന്ന് പുലര്‍ച്ചെ രണ്ടോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനയെ കണ്ടതായി സൂചനയുണ്ട്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനയെ കണ്ടതായി സൂചനയുണ്ട്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്ന് കരുതുന്നു. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പോലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം