വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് കുളമുള്ളത്. വെള്ളത്തില്‍ ചരിഞ്ഞു കിടക്കുന്ന നിലയിലാണ് ആനയുടെ ജഡമുണ്ടായിരുന്നത്.

കല്‍പ്പറ്റ: പനമരം നടവയല്‍ നെയ്ക്കുപ്പ മേഖലയിലെ ജനവാസയിടങ്ങളില്‍ നിരന്തരമെത്തിയിരുന്ന കുള്ളന്‍ എന്ന് നാട്ടുകാര്‍ പേരിട്ട ആന ചരിഞ്ഞു. പുരയിടങ്ങളിലെത്തുന്ന ആന സ്ഥിരമായി സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷണമാക്കിയിരുന്നു. കേണിച്ചിറ ചെറിയ അയിനിമല പ്രദേശത്താണ് കുള്ളനെ കുളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ആനയുടെ ജഡം ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ആന നാട്ടിലിറങ്ങിയിരുന്നു.

ആന ചരിഞ്ഞ വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാന ചരിഞ്ഞതിന്റെ കാരണം അന്വേഷിക്കുകയാണ് വനംവകുപ്പ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് കുളമുള്ളത്. വെള്ളത്തില്‍ ചരിഞ്ഞു കിടക്കുന്ന നിലയിലാണ് ആനയുടെ ജഡമുണ്ടായിരുന്നത്. ഏതാനും നാളുകളായി ആന നെയ്ക്കുപ്പ മേഖലയില്‍ എത്തി ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ജനവാസ മേഖലയിൽ കൂളായി വിലസുന്ന കാട്ടാനയ്ക്ക് ഇഷ്ടം സോപ്പും സോപ്പുപൊടിയുമാണ്. രാത്രിയോടെ തോട്ടങ്ങളിലും പുരയിടങ്ങളിലുമെത്തുന്ന ആന കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കും. 

സാധാരണ ആനകളെ അപേക്ഷിച്ച് ഉയരം കുറവായതിനാല്‍ തന്നെ കുള്ളന്‍ എന്നാണ് നാട്ടുകാരില്‍ പലരും വിളിച്ചുപോന്നിരുന്നത്. ബാത്ത് റൂം വരെ തകര്‍ത്ത് സോപ്പ് തിന്നിരുന്ന ആനയെ തെല്ല് കൗതുകത്തോട് കൂടിയാണ് നാട്ടുകാരും വനംവകുപ്പ് കണ്ടിരുന്നത്. വീട്ടുമുറ്റത്ത് എത്തുന്ന ആന ചിലപ്പോള്‍ പട്ടിക്കൂടും കോഴിക്കൂടുമെല്ലാം തകര്‍ത്താണ് പോയിരുന്നത്. ഇത്തരത്തില്‍ വലിയ ശല്യമായി മാറിയ കാട്ടാനയായിരുന്നു കുള്ളന്‍. അതേ സമയം സോപ്പും സോപ്പ് പൊടിയുമൊക്കെ കഴിച്ചത് ആനയുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിലൂടെ മനസിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആണ് വനംവകുപ്പ്.