ധോണിയെ വിറപ്പിച്ച പിടി 7ന്‍റെ രണ്ടു കണ്ണുകൾക്കും തിമിരം, അക്രമ സ്വഭാവത്തിന് കാരണം കാഴ്ചപ്രശ്നം
2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്

ധോണി: പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ അസാധ്യമാണെന്നാണ് വിലയിരുത്തല്‍. കൊമ്പന്‍റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്നമെന്നാണ് നിഗമനം. ആനയെ ഇനി കൂട്ടിൽ കയറ്റേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പുള്ളത്. നേരത്തെ പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ രംഗത്തെത്തിയിരുന്നു.
കൊമ്പന്റെ കാഴ്ചശക്തി കുറഞ്ഞത് പെല്ലറ്റോ കല്ലോ കൊണ്ടതിൻ്റെ പരിക്ക് മൂലമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ അത്തരം പരുക്കുകളല്ല കാഴ്ചക്ക് പ്രശ്നമെന്നാണ് ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. കൊമ്പനെറ് രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചിട്ടുണ്ട്. ഇടത്തേ കണ്ണിനാണ് തിമിരം ഏറ്റവും അധികം. വലത്തേ കണ്ണിന് തിമിരത്തിൻ്റെ തുടക്കം മാത്രമാണ്. കൂടുതൽ മെരുങ്ങിയാൽ മാത്രമെ തുടർ ചികിത്സ നടക്കൂ. ഇതിന് പാപ്പാൻമാരുടെ പൂർണ നിയന്ത്രണത്തിൽ കൊമ്പനെ കൊണ്ടു വരണം. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നിന്ന് വിദഗ്ധരെത്തി തുടർ പരിശോധന നടത്തും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ പിടി 7നെ കൂട്ടിൽ നിന്ന് പുറത്തിറക്കി ചികിത്സ തുടങ്ങിയത്.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7.
ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ധോണി എന്നാണ് പിടി 7ന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം