കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പ്രതികള് പൊലീസിന്റെ പിടിയിലായത്.
ആലപ്പുഴ: ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും, മാരാരിക്കുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവുമായി (Marijuana) യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എട്ട് കിലോ കഞ്ചാവുമായി എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതിലകം ആശുപത്രി ഭാഗത്ത് നിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തു നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്.
കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പ്രതികള് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തലയിലും പരിസരത്തും ചെക്കിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിക്കുന്നതിനിടയിൽ അതിൽ ഒരാൾ ബാഗുമായി ഓടി പോകുകയായിരുന്നു.
ബാക്കി രണ്ടുപേരെയും രണ്ട് കിലോ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ഓടി പോയയാൾ മലപ്പുറം കാരനാണെന്നും അയാൾ കഞ്ചാവുമായാണ് ഓടി പോയതെന്നും മനസ്സിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാള്‍ കണിച്ചുകുളങ്ങര ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് പോലീസ് 6 കിലോ കഞ്ചാവുമായി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളിൽ ജൂനൈദ് ആന്ധ്രയിൽ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് സ്റ്റോക്ക് ചെയ്ത് അവിടെ നിന്നും എറണാകുളത്തും, ആലപ്പുഴയിലും മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ജി ജയ്ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി, എം കെ ബിനുകുമാർ, ആലപ്പുഴ ഡി വൈ എസ് പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം ഇൻസ്പെക്ടർ എസ് രാജേഷ്, സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ് രാജ്. ജോഷി, അനിൽ എ എസ്, രാജേഷ്, ജാക്സൺ, റെജിമോൻ, രാജേഷ്, ജഗദീഷ്, സനുരാജ്, ശ്രീദേവി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്, ജാക്സൺ, ഉല്ലാസ്, എബി തോമസ്, അബിൻ, ഷാഫി, ജീതിൻ, അനൂപ്, ശ്രീജ, റോസ് നിർമ്മല എന്നിവര്‍ കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
