കോഴിക്കോട് ബേപ്പൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്ര സ്വദേശിനിയായ യുവതി മുംബൈയിൽ അറസ്റ്റിലായി. മോഷണശേഷം താൻസാനിയയിലേക്ക് കടന്ന തോട്ടാബാനു സൗജന്യ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ ബേപ്പൂർ പോലീസിന്റെ പിടിയിലാവുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിലെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നും 36 പവൻ മോഷ്ടിച്ച യുവതി മുംബൈയിൽ പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്. ജുലൈ 19 നായിരുന്നു സൗജന്യ സുഹൃത്തായ ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ താമസിക്കാൻ എത്തിയത്. ഇവിടെ തങ്ങിയ ശേഷം മടങ്ങുമ്പോൾ ആരുമറിയാതെ വീട്ടിലുണ്ടായിരുന്ന 36 പവൻ സ്വർണവും യുവതി കവർന്നിരുന്നു. ഗായത്രിയും കുടുംബവും പൊലീസിൽ പരാതി നൽകിയെങ്കിലും മോഷണത്തിന് ശേഷം യുവതി തൻസാനിയക്ക് കടന്നിരുന്നു. ഇത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും പൊലീസ് കൃത്യമായ നീക്കം നടത്തി. താൻസാനിയയിൽ നിന്നും തിരികെ നാട്ടിൽ എത്തിയപ്പോളാണ് വിവരം അറിഞ്ഞെത്തിയ ബേപ്പൂർ പൊലീസ് യുവതിയെ പിടികൂടിയത്.
തൃശൂരിൽ ഫാത്തിമയുടെ വീട്ടിലെ സ്വർണ മോഷണ കേസിൽ സഹോദരി പിടിയിൽ
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കഴിഞ്ഞ മാസം ചേലക്കരയില്‍ നടന്ന മാല മോഷണ കേസിലെ പ്രതികള്‍ അറസ്റ്റിലായി എന്നതാണ്. ചെറങ്ങോണം ആലമ്പുഴ കോളനിയില്‍ ഖദീജ (49) ഇവരുടെ ആണ്‍ സുഹൃത്ത് ചൊനങ്ങാട് സ്വദേശി അജീഷ് (40) എന്നിവരെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 നാണ് ചിറങ്ങോണം ആലമ്പുഴ ലക്ഷംവീട് കോളനിയില്‍ ഫാത്തിമ ഉമ്മറിന്റെ വീട്ടില്‍ നിന്നും ആറ് പവന്‍ സ്വര്‍ണ മാല മോഷണം പോയത്. പകല്‍ സമയത്ത് വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. ഇതിന് പിന്നാലെ ഫാത്തിമ ഉമ്മറിന്റെ അനുജത്തി ഖദീജയെ കാണാതായതിലെ സംശയമാണ് അന്വേഷണത്തിൽ നിർണായകമായത്. മാല മോഷണവും യുവതിയെ കാണാതായ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ശാസ്ത്രീയ അന്വേഷണം നിർണായകമായി
മാല മോഷണവും യുവതിയെ കാണാതായ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതാണ് കേസിൽ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട് ഏര്‍വാടിയില്‍ ഖദീജയും സുഹൃത്തും ഉണ്ടെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.


