അമ്പലപ്പുഴ: ആശുപത്രിയിൽ വൃദ്ധയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയിൽ. തമിഴ്നാട് സേലം പിള്ളയാർകോവിൽ ദിവ്യ (30) യാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ആർ എസ് ബി വൈ കൗണ്ടറിനു മുന്നിൽ വെച്ചായിരുന്നു സംഭവം.

ആലപ്പുഴ വടക്കൻ ആര്യാട് കുന്നേൽവെളിയിൽ തിലകന്‍റെ ഭാര്യ മീനാക്ഷി (65)യുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മെഡിസിൻ അത്യാഹിതത്തിൽ ഗുരുതരാവസ്ഥയിൽക്കഴിയുന്ന ഭർത്താവിന്‍റെ ചികിത്സക്കായി പണമടയ്ക്കാൻ നിൽക്കുമ്പോഴാണ് മാല കവരാൻ ശ്രമിച്ചത്. ഉടൻതന്നെ മീനാക്ഷിയും മറ്റുള്ളവരും ചേർന്ന് ദിവ്യയെ പിടികൂടി. മാല മോഷണത്തിന് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചതാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.