വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ അജ്ഞാതന്‍ ഭീതി പടര്‍ത്തുന്നു. അമരമ്പലത്ത് കഴിഞ്ഞ ദിവസവും അജ്ഞാതന്റെ ആക്രമണമുണ്ടായി. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യയുടെ കണ്ണിൽ മുളക് പൊടി എറിയുകയും തലക്ക് അടിയേൽക്കുകയും ചെയ്തു. രാത്രി എട്ടുമണിയോടെയാണ് സംഭവം. വീടിന് പിന്നിലെ തെങ്ങിൻ തോട്ടത്തിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് സുരേഷും അയൽവാസിയും ഇറങ്ങി തിരയുന്നതിനിടയിൽ അടുക്കളയോട് ചേർന്ന ഭാഗത്ത് നിന്ന ഭാര്യക്ക് നേരെ അജ്ഞാതൻ ആക്രമണം നടത്തുകയായിരുന്നു. 

ഉടൻ തന്നെ പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആക്രമിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല. രണ്ടാഴ്ച മുൻപും ദിവ്യക്ക് നേരെ അജ്ഞാതൻ മുളക് പൊടി എറിഞ്ഞിരുന്നു. തലക്ക് അടിയേറ്റ ദിവ്യയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ വിവിധ ഭാഗങ്ങളിലെത്തി വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കുകയും മുളക് പൊടി എറിയുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. 

രണ്ട് ദിവസം മുൻപ് കൂരാട് മാടമ്പത്ത് കുളിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയുടെ മുഖത്ത് അജ്ഞാതൻ കമ്പി കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്ന സംഭവവും ഉണ്ടായി. ഒരു മാസത്തിലധികമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.