രാത്രി വൈകി ഓട്ടോ സ്റ്റാന്‍റിൽ നിന്നും നിലവിളി കേട്ടെത്തിയ പ്രദേശത്തെ കച്ചവടക്കാരനായ സാദിഖ് ആണ് നിലത്ത് വീണു കിടക്കുന്നത് ജയയാണെന്ന് തിരിച്ചറിഞ്ഞത്.

കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി വൈകി നഗരത്തിലേക്ക് സവാരി പറ്റില്ലെന്ന് പറഞ്ഞതിനാണ് മൂന്നംഗസംഘം ജയയെ ക്രൂരമായി മർദിച്ചത്. ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പ്രതികളെകുറിച്ച് ധാരണ കിട്ടിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഞാറക്കൽ പൊലീസ് അറിയിച്ചു. 

തിങ്കളാഴ്ച രാത്രിയാണ് ഓട്ടോ ഡ്രൈവറായ ജയയെ മൂന്നംഗ സംഘം ആക്രമിച്ചത്. രാത്രി വൈകി ഓട്ടോ സ്റ്റാന്‍റിൽ നിന്നും നിലവിളി കേട്ടെത്തിയ പ്രദേശത്തെ കച്ചവടക്കാരനായ സാദിഖ് ആണ് നിലത്ത് വീണു കിടക്കുന്നത് ജയയാണെന്ന് തിരിച്ചറിഞ്ഞത്. 'അമ്മേ ഓടിവാ, എന്നെ കൊല്ലാൻ നോക്കുന്നു' എന്ന കരച്ചിൽ കേട്ടാണ് താൻ ഓടിയെത്തിയതെന്ന് സാദിഖ് പറഞ്ഞു. ഉടനെ തന്നെ പള്ളത്താംകുളങ്ങറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ഷിഹാബ് ഇല്യാസിനെയും മറ്റ് കൂട്ടുകാരെയും സാദിഖ് വിളിച്ചുവരുത്തി. അപ്പോഴേക്കും മൂന്നംഗ സംഘം സ്ഥലം വിട്ടിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ആംബുലൻസിൽ ജയയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജയക്ക് ഗുരുതരമായ പരിക്കുകളാണുള്ളത്. ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതികളെ ഉടൻ പിടികൂടണെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ വൈപ്പിനിൽ പ്രതിഷേധിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് പ്രതികളിലേക്കെത്തിയിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് സംഘം വ്യക്തമാക്കി.

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

Read More :  'ആദ്യം തലയ്ക്കടിച്ചു, പ്ലാസ്റ്റിക് ഷീറ്റ് മൂടി കത്തിച്ചു'; മാങ്കുളത്ത് മകൻ അച്ഛനെ കൊന്നത് പണം നൽകാത്തതിനാൽ