സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. മാമാങ്കര സ്വദേശി കോരനകത്ത് സെയ്ഫുദ്ധീൻ എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു

മലപ്പുറം: മലപ്പുറം വഴിക്കടവിൽ സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈൽ ഫോണിൽ (Mobile Phone) സൂക്ഷിച്ച യുവാവ് അറസ്റ്റിലായി (Arrest). മാമാങ്കര സ്വദേശി കോരനകത്ത് സെയ്ഫുദ്ധീൻ എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ; പിണറായിയിൽ അധ്യാപകൻ അറസ്റ്റിൽ

പിണറായിയിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിലായി. വടകര സ്വദേശി നൗഷാദിനെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ മൊബൈൽ ഫോൺ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി, അറസ്റ്റ്

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിവരവെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വളയം ഭൂമിവാതിക്കൽ കളത്തിൽ ബിജു(30)വിനെ ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. 

പിന്നാലെ ഇയാള്‍ കുതറിയോടി. മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയതായും പൊലീസ് അറിയിച്ചു.