അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

പാലക്കാട്: പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ്. അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സുബയ്യൻ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലാണ്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 40 കാരിയാണ് മരിച്ചത്. പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്താണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.

രാത്രി 8.30 ഓടെയാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണുകിടക്കുകയായിരുന്നു യുവതിയെന്ന് യുവാവിൻ്റെ മൊഴി. എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാല്‍ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്.