Asianet News MalayalamAsianet News Malayalam

വിരുന്നെത്തി, പുഴയിൽ കുളിക്കുന്നതിടെ മലപ്പെള്ളപ്പാച്ചലില്‍പ്പെട്ട് മരണം; യുവതി ഒഴുകിയത് ഒന്നര കിലോമീറ്ററോളം

പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ കല്‍ക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് ഇവര്‍ ഒഴുകി. 

woman died after being swept away while bathing river
Author
First Published Oct 4, 2022, 10:03 AM IST

മലപ്പുറം:  കരുവാരക്കുണ്ട് കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളപ്പാച്ചലില്‍പ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂര്‍ ചന്തിരൂര്‍ മുളക്കല്‍പറമ്പില്‍ സുരേന്ദ്രന്‍റെ മകള്‍ ആർഷയാണ് (24) മരിച്ചത്. കരുവാരകുണ്ട് മഞ്ഞളാംചോലയില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം. കല്‍ക്കുണ്ട് ചേരിയിലെ ബന്ധുവീട്ടില്‍ ഞായറാഴ്ച എത്തിയതാണ് ആർഷയുടെ കുടുംബം. തിങ്കളാഴ്ച വൈകീട്ട് മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദര്‍ശിച്ച്‌ മടങ്ങവെ, കൂടെ ഉണ്ടായിരുന്നവരോടൊപ്പം ചോലയില്‍ കുളിക്കാനിറങ്ങിയതാണ് ഹര്‍ഷ.  

എന്നാല്‍, അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തില്‍ ഇവര്‍ അകപ്പെട്ടുകയായിരുന്നു. കുട്ടികളടക്കമുള്ള മറ്റുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും ഹർഷ ഒഴുക്കില്‍പ്പെട്ടു. പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ കല്‍ക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് ഇവര്‍ ഒഴുകി. ഒടുവില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കല്‍ക്കുണ്ട് ചര്‍ച്ചിന് പിന്‍ഭാഗത്താണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുത്തോഴുക്കില്‍പ്പെട്ട് ഒന്നര കിലോമീറ്ററോളം ഒഴുകുന്നതിനിടെ കല്ലിലും മറ്റും തട്ടി, തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിരുന്നു. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിയാണ്.

മലയോര മേഖലയിലായതിനാല്‍ കരുവാരക്കുണ്ട് പുഴകളിൽ മഴക്കാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ പതിവാണ്. കിഴക്കന്‍ മലകളില്‍ മഴ പൊയ്തൊഴിയുമ്പോള്‍ കരുവാരക്കുണ്ട് പുഴയും കൽക്കുണ്ട് ചോലയിലും ഒലിപ്പുഴയിലും മഞ്ഞളാംചോലയിലും വലിയ തോതിൽ മലവെള്ളപാച്ചിലുണ്ടാകുന്നു. പ്രദേശത്തിന്‍റെ സ്വഭാവമറിയാതെ സഞ്ചാരികള്‍ പുഴയിലും മറ്റും കുളിക്കുമ്പോഴാകും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുക. അപ്രതീക്ഷിതമായി അതിശക്തമായി വെള്ളം കുതിച്ചെത്തുമ്പോള്‍ പിടിവിട്ട് പുഴയിലേക്ക് വീഴുന്ന സഞ്ചാരികള്‍ ശക്തമായ ഒഴുക്കില്‍പ്പെടുന്നത് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. പുഴയില്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതിനാല്‍ പിടിവിട്ട് വീഴുന്ന പലരും രക്ഷപ്പെടാനുള്ള സാധ്യത കുറയുന്നു. കൂടെ ശക്തമായ ഒഴുക്കും കൂടിയാകുമ്പോള്‍ അപകടവ്യാപ്തി കൂടുന്നു. 

Follow Us:
Download App:
  • android
  • ios