മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് വന്നത്

ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് വന്നത്. ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുൻപ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നൽകുന്ന വിശദീകരണം.