Asianet News MalayalamAsianet News Malayalam

മലവെള്ളപ്പാച്ചിലില്‍ ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി: യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു

ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപ വാസികൾ കണ്ടിരുന്നു. 

woman found dead drowned in kozhikode chalippuzha river
Author
Kozhikode, First Published Jul 1, 2021, 7:53 PM IST

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തെരച്ചിൽ തുടരുകയാണ്. 

സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. 
വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ  ഇറങ്ങിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപ വാസികൾ കണ്ടിരുന്നു. പിന്നീട്  പുഴയില്‍ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസര വാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട്  നാട്ടുകാർ വിവരം  അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പുഴയിൽ ശക്തമായ നീരൊഴുക്കാണെന്ന് പരിസരവാസികൾ പറയുന്നത്. 

കോടഞ്ചേരി പോലീസും മുക്കം ഫയർ ഫോഴ്സും, സിവിൽ ഡിഫൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന്  അൻസാർ മുഹമ്മദിനായി തെരച്ചില്‍ തുടരുകയാണ്. ശാന്തസുന്ദരമായി ഒഴുകുന്ന പുഴ കണ്ടു ഇതിൽ ഇറങ്ങി പെട്ടെന്ന് വരുന്ന മലവെള്ളപ്പാച്ചിലിൽ അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. വിനോദ സഞ്ചാരത്തിനായി വരുന്നവരെ സമീപവാസികൾ വിലക്കാറുണ്ടെങ്കിലും പലരും മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിലിറങ്ങി അപകടം സംഭവിച്ചിട്ടുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios