വയനാട്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പുലർച്ചെ റോഡരികില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ്.  കോഴിക്കോട്  ചീക്കള്ളൂർ പുളിക്കൽ വയലിൽ കോളനി സ്വദേശി ബിനുവിന്റെ ഭാര്യ പാർവതി(27)ക്കും മകനുമാണ് കനിവ് 108 ആംബുലൻസ് രക്ഷകനായത്. വ്യാഴാഴ്ച പുലർച്ചെ നാലെമുക്കാലോടെയാണ് പാർവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെ വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

കണ്ട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 108 ആംബുലൻസ് ചീക്കള്ളൂരിലേക്ക് തിരിച്ചു. ഉൾപ്രദേശമായതിനാൽ ഇവിടേക്ക് വാഹനങ്ങൾക്ക് എത്താൻ പ്രയാസമാണ്. ഇതിനാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ പാർവതിയെയും കൂട്ടി ബന്ധുക്കൾ റോഡിലേക്ക് നടന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പാർവതിക്ക് മുന്നോട്ട് നടക്കാൻ കഴിയാതെ വന്നു. ശോചനീയമായ റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് പൈലറ്റ് എൽദോ കെ.ജി ആംബുലൻസ് സ്ഥലത്തേക്ക് എത്തിച്ചത്. 

ആംബുലൻസ് എത്തി ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സ്വപ്ന വി.വി പാർവതിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും കുഞ്ഞു പുറത്തു വന്നിരുന്നു. ഉടൻ തന്നെ സ്വപ്ന അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുസ്രൂശ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും കൈനാട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബിനു പാർവതി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.