അന്തിക്കാട് സ്വദേശിനിയായ യുവതി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി.

തൃശൂര്‍: അന്തിക്കാട് സ്വദേശിയായ യുവതി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച്ച രാവിലെ 7.45നാണ് അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിന്‍റെയും ആരിഫയുടെയും മകൾ സുമയ്യ (25) പ്രസവിച്ചത്. 29നാണ് ഡോക്ടർ പ്രസവ തീയതി നൽകിയിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിക്ക് പ്രസവ വേദന വന്നതെന്ന് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി സമദ് പറഞ്ഞു.

ശുചിമുറിയിൽ പോയ ശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകുന്നതിനായി ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനായില്ല. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി എത്തിയ തൃപ്രയാറിൽ നിന്നുള്ള ആംബുലസിൽ ഉണ്ടായിരുന്ന നേഴ്‌സാണ് പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേർപ്പെടുത്തിയത്. 

ഇവരെ ആംബുലൻസിൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 3.5 കിലോ ഭാരമുണ്ട് സുമയ്യ ജന്മം നൽകിയ പെൺകുഞ്ഞിന്. അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുമയ്യയുടെ രണ്ടാമത്തെ കുഞ്ഞാഞ്ഞിത്. മൂത്ത കുഞ്ഞ് ഒരു വയസുകാരൻ ഐസാൻ.