ആലപ്പുഴ: സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടി ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. അസാം തേസ്പുർ സ്വദേശി ഫജില (24) ക്കാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5 മണിയോടെ കായംകുളം റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.

പുലർച്ചെ എത്തിയ ഡിബ്രുഗട്ട്‌ കന്യാകുമാരി വിവേക് എക്സ്പ്രസിൽ നിന്ന് ചാരുംമൂട്ടിലേക്ക് പോകാനായി ഫജിലയും ഭർത്താവ് നൂർ അലിയും കായംകുളത്ത് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കായംകുളത്ത് ട്രെയിനിന് സ്റ്റോപ്പില്ലെന്ന് അറിയുന്നത്.

നാലാമത്തെപ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വേഗത കുറച്ച് കടന്നു വരുന്നതിനിടയിൽ ലഗേജുമായി ഭർത്താവ് ആദ്യം ചാടിയിറങ്ങിയ ശേഷം ഫജില ചാടിയിറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ പി എഫ് ഉദ്യോഗസ്ഥന്‍ ശ്രീനിവാൻ സിപിഒ യേശുദാസ് എന്നിവർ ചേർന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റുകയായിരുന്നു.