കാര്‍ സ്‌ക്കൂട്ടറിലിടിക്കുകയും, നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്ക് മുന്നിലേക്ക്  വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. 

കോഴിക്കോട്: കോഴിക്കോട്(Kozhikode) ബാലുശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍(accident) യുവതിക്ക് ദാരുണാന്ത്യം. നരിക്കുനി കാരുകുളങ്ങര താഴെകരുവന്‍ പൊയില്‍ സത്യൻറെ ഭാര്യ ബിനിലയാണ് (41) മരിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം കൊട്ടാരമുക്കില്‍ വച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ സ്‌ക്കൂട്ടറിലിടിച്ച് (Car hits Scooter) ബിനില റോഡിലേക്ക് തെറിച്ച് വീണു. പിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബിനില തല്‍ക്ഷണം മരിച്ചു. 

വെളളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. ബിനില കൂട്ടാലിടയിലെ സ്വന്തം വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. മൂന്നു വാഹനങ്ങളും ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. അമിത വേഹതയിലെത്തിയ കാര്‍ ബിനില സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറിലിടിക്കുകയും, നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്ക് മുന്നിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരായി പരുക്കേറ്റ ബിനിലയെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിര്‍ത്താതെ പോയ കാറിനെ ക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. നരിക്കുനി ഓപ്പൺ ക്ലിനിക്കിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ബിനില, മക്കൾ: അഥിൻജിത്ത് (പ്ളസ് വൺ വിദ്യാർത്ഥി ,നരിക്കുനി ഗവ: ഹയർ സെക്കൻററി സ്ക്കൂൾ) , അമർജിത്ത് ( എളേറ്റിൽ വട്ടോളി ഗവ: യു പി സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ), കൂട്ടാലിട കോണിപ്പുറത്ത് ചാലിൽ ദാമോധരൻ നായരുടെയും, ദേവകി അമ്മയുടെയും മകളാണ്, സഹോദരങ്ങൾ: ബിന്ദു, രജിത, ധനിലാൽ.