അതിരപ്പിള്ളിയിലെ റിസോര്‍ട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സ്വര്‍ണ്ണം കവരുകയും ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളി ഫിജോ എന്ന കുട്ടിച്ചാത്തന്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കൂടപ്പുഴയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തൃശൂര്‍: യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സ്വര്‍ണ്ണം കവരുകയും ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന്‍ വീട്ടില്‍ കുട്ടിച്ചാത്തന്‍ എന്ന ഫിജോ (40) വിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025 ഡിസംബര്‍ 13ന് അതിരപ്പിള്ളിയിലെ ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു സംഭവം. യുവതിക്ക് വാടകയ്ക്ക് വീട് തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയി രാത്രി 11ഓടെ റിസോര്‍ട്ടിലെത്തിച്ചു.

എംഡിഎംഎ കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഓരോ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല, വള എന്നിവ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ മൂന്ന് പേരെ നേര്‍ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അറസ്റ്റിലായ ഫിജോ, കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി. കെ.പി ബെന്നി, എസ്‌ഐ മാരായ ടി.ബി സുനില്‍കുമാര്‍, സതീശന്‍ മടപ്പാട്ടില്‍, പി.എം മൂസ്സ, എ.എസ.്‌ഐ മാരായ കെ.യു വിനോദ്, വി.യു സില്‍ജോ, പി.എം ഷിയാസ്, എ.യു റെജി, എം.ജെ ബിനു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


