കുടുംബപ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല. ഇത് പോക്സോ കേസുകളുടെ വ്യാപനത്തിനും ഇടയാക്കുന്നു. വിവാഹപൂര്‍വ കൗണ്‍സിലിംഗ് സുശക്തമാക്കണം.

കൊല്ലം: വിവാഹേതര ബന്ധങ്ങള്‍ കുടുംബപ്രശ്നങ്ങളില്‍ കൂടുതലായെത്തുന്നത് ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷന്റെ നിരീക്ഷണം. സാമൂഹിക മാധ്യമ കടന്നുകയറ്റം വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലുള്ളതിനാല്‍ ബോധവത്ക്കരണം ശക്തമാക്കേണ്ടതുണ്ട് എന്നും വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.

കുടുംബപ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല. ഇത് പോക്സോ കേസുകളുടെ വ്യാപനത്തിനും ഇടയാക്കുന്നു. വിവാഹപൂര്‍വ കൗണ്‍സിലിംഗ് സുശക്തമാക്കണം. പോക്‌സോ നിയമം, സൈബര്‍ സുരക്ഷാബോധവല്‍ക്കരണം, ലഹരഹിക്കെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സ്‌കൂള്‍തലം മുതല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നഗരസഭകള്‍, ത്രിതല പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം കൂടുല്‍ ഊര്‍ജിതമാക്കണം. ഉണര്‍വ്, കൗമാരം കരുത്താകുക, ഫേസ് ടു ഫേസ് എന്നീ പരിപാടികള്‍ സ്‌കൂള്‍-കോളജ് തലത്തില്‍ കമ്മീഷന്‍ നടത്തി വരുന്നതായും കമ്മിഷനംഗം പറഞ്ഞു. അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ഒരെണ്ണം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കൈമാറി. ഒരെണ്ണം കൗണ്‍സിലിംഗിനും നല്‍കി. 63 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.

അതേസമയം, സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു കമ്മിഷനംഗം. ശാസ്ത്രബോധമില്ലായ്മമൂലം ദുര്‍മന്ത്രവാദം പോലുള്ള തട്ടിപ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതലായി ഇരയാകുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്.

കുടുംബപ്രശ്നങ്ങള്‍, വസ്തു സംബന്ധമായ പ്രശ്നങ്ങള്‍, പോക്സോ ആരോപണം, വീട്ടുജോലിക്ക് ശമ്പളം നല്‍കാതിരിക്കല്‍, അയല്‍വാസികളുമായുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. സ്വത്ത് തര്‍ക്കം പോക്സോ കേസാക്കി മാറ്റാന്‍ ശ്രമിച്ച പരാതി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കുന്നതിന് ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൈമാറി. സിറ്റിങ്ങില്‍ 32 പരാതികള്‍ പരിഗണിച്ചു. നാലെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണത്തില്‍ പരാതിക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനമായി. ബാക്കി 22 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.

പ്രിയപ്പെട്ടവർക്ക് ഓണക്കോടി സമ്മാനിക്കുമ്പോൾ ഒരുപാട് പേർക്ക് കൈത്താങ്ങാകാം; സ്നേഹത്തിന്‍റെ ഗിഫ്റ്റ് ബോക്സ്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം