തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലതുറ അമ്പലത്തുംമൂല സ്വദേശി ബിനുവിന്റെ ഭാര്യ മെറ്റൻസി(28)യാണ് ആംബുലന്‍സിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. 

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മെറ്റൻസിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എട്ടരയോടെ ബന്ധുക്കൾ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി.

സന്ദേശം ലഭിച്ച ഉടൻ തന്നെ ആംബുലന്‍സ് പൈലറ്റ് രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് എം.എസ് എന്നിവർ മെറ്റൻസിയുടെ വീട്ടിലെത്തി. ആരോഗ്യസ്ഥിതി മോശമായതിനാൽ ഉടൻ തന്നെ വിനീഷ്  മെറ്റൻസിയെ ആംബുലന്‍സിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചപ്പാത്ത് ജംഗ്ഷന് സമീപം എത്തിയപ്പോൾ മെറ്റൻസിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. 

തുടർന്ന് 9.10ന് മെറ്റൻസി ആംബുലന്‍സിനുള്ളിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിനീഷ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ഉടൻ തന്നെ ആംബുലന്‍സ് പൈലറ്റ് രാജേഷ് തൈക്കാട് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.