Asianet News MalayalamAsianet News Malayalam

വനിതാ ഐപിഎസ് ട്രെയിനി അക്രമിക്കപ്പെട്ട സംഭവം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

തിരുവല്ലം - വേടന്തറ ബൈപ്പാസിലെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. ശനിയാഴ്ചതന്നെ ആളെ തിരിച്ചറിഞ്ഞിരുന്നെന്ന് പൊലീസ് പറയുന്നു. 

Women IPS trainee attacked at thiruvananthapuram police release cctv footage
Author
Thiruvallam, First Published May 6, 2019, 9:10 AM IST

തിരുവനന്തപുരം: പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയെ അക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. തിരുവല്ലം - വേടന്തറ ബൈപ്പാസിലെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. ശനിയാഴ്ചതന്നെ ആളെ തിരിച്ചറിഞ്ഞിരുന്നെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങളില്‍ ബൈക്കിന്‍റെ നമ്പര്‍പ്ലറ്റ് അവ്യക്തമായതിനാല്‍ വണ്ടികണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കറുത്ത ട്രാക്ക് സൂട്ടും ടീ ഷര്‍ട്ടും ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസും ഷാഡോ പൊലീസും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴിന് തിരുവല്ലം ജംഗ്ഷനില്‍ നിന്നും വാഴമുട്ടം ഭാഗത്തേക്കു നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ ബൈക്ക് യാത്രക്കാരന്‍ വനിതാ ഐപിഎസ് ട്രെയിനി ഐശ്വര്യാ പ്രശാന്തിന്‍റെ മുതികിന് ഇടിക്കുകയും മാലപൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഐശ്വര്യ ബൈക്കിന് പിന്നാലെ ഓടിയെങ്കിലും ആളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 

ഇരുപതിനും ഇരുപത്തിയഞ്ചിനും വയസിനിടയിലുള്ളയാളാകും പ്രതിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം തിരുവല്ലം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘത്തില്‍പ്പെട്ടവരാകും പ്രതികളെന്നാണ് പൊലീസ് നിഗമനം. തലസ്ഥാന നഗരരപ്രാന്തത്തില്‍ വനിതാ ഐപിഎസ് ട്രെയിനി അക്രമിക്കപ്പെട്ടത് പൊലീസിന് ഏറെ ക്ഷീണമാണ് ഉണ്ടാക്കിയത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് ഫോര്‍ട്ട് അസി.കമ്മീഷണര്‍ ആര്‍.പ്രതാപന്‍ നായര്‍ അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 9497990009,0471-2381148.

Follow Us:
Download App:
  • android
  • ios