നാല് മാസത്തിനുള്ളില്‍ ആറു മൊബൈല്‍ ഫോണുകളാണ് വൈത്തിരി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കിയത്. ഇത്രയും കേസുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസ് നിര്‍ദ്ദേശം.

കല്‍പ്പറ്റ: വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ അതല്ലെങ്കില്‍ എവിടെയെങ്കിലും നഷ്ടപ്പെട്ട് മറ്റാര്‍ക്കെങ്കിലും ലഭിക്കുകയോ ചെയ്യുന്നത് ഇന്ന് നിത്യസംഭവമാണ്. ചിലരെങ്കിലും കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ അതാതിടങ്ങളിലെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കാറുണ്ട്. എന്നാല്‍ എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. ഇത്തരം അവസരങ്ങളില്‍ ഫോണ്‍ തിരികെ കിട്ടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണ് വയനാട് പോലീസ് വിവരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ ആറു മൊബൈല്‍ ഫോണുകളാണ് വൈത്തിരി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കിയത്. ഇത്രയും കേസുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസ് നിര്‍ദ്ദേശം.

വിലയേറിയതും അല്ലാത്തതുമായ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പൊല്‍-ആപ്പ് (POL-APP) വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കുക

www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും.

ഈ വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകളുമായി അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും.

പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനാകും.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് പഴയപോലെ തന്നെ സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.

നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും.

കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനം ഗൂഗ്ള്‍ ലിങ്കില്‍ ഉണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരുന്ന ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.