പുതുനഗരത്ത് വാഹന പരിശോധനയ്ക്കിടെ അര കിലോ കഞ്ചാവുമായി അഭിഭാഷകൻ പിടിയിലായി. പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) ആണ് പിടിയിലായത്.
പാലക്കാട്: കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ. പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പുതുനഗരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകൻ പിടിയിലായത്. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടവനൂർ സ്വദേശിയാണ് ശ്രീജിത്. പരിശോധനയുടെ ഭാഗമായി ഇയാൾ സഞ്ചരിച്ചിരുന്ന കിയ സെൽറ്റോസ് കാർ പരിശോധിച്ചപ്പോഴാണ് അര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കൊടുവായൂർ ഭാഗത്തു നിന്നുമാണ് ഇയാൾ കാറുമായി വന്നത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പുതുനഗരം സബ് ഇൻസ്പെക്ടർ ശിവ ചന്ദ്രൻ കെയുടെ നേതൃത്വത്തിൽ എ എസ് ഐ പ്രതാപ ചന്ദ്രൻ, എ എസ് ഐ ശ്രീനാഥ്, എസ് സി പി ഒ രതീഷ്, എസ് സി പി ഒ ഹക്കിം, എസ് സി പി ഒ ജിജേഷ്, എസ് സി പി ഒ സുൾഫിക്കർ അലി എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
