സ്കൂട്ടറിലെത്തി മുളകുപൊടി എറിഞ്ഞായിരുന്നു മോഷണം. വാടകയ്ക്കെടുത്ത ഇലക്ട്രിക് സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 10 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
അരൂർ: സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെയും പെണ്‍സുഹൃത്തിനെയും മണിക്കൂറുകൾക്കകം പിടികൂടി അരൂർ പൊലീസ്. പള്ളുരുത്തി സ്വദേശികളായ നിഷാദ് (25), നീതു (30) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയിൽ വെച്ചാണ് സംഭവം.
86 വയസ്സുള്ള സരസ്വതിയമ്മയുടെ മാലയാണ് പ്രതികൾ കവർന്നത്. മോഷണം നടന്നയുടൻ തന്നെ സരസ്വതിയമ്മ വിവരം അറിയിച്ചതിനെ തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ജി പ്രതാപ ചന്ദ്രന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വെറും 10 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. മോഷണ രീതിയും പ്രതികളെ പിടികൂടിയതിലെ കൃത്യതയും ശ്രദ്ധേയമാണ്.
നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
നീതു ഓടിച്ച സ്കൂട്ടറിന്‍റെ പിന്നിലിരുന്നാണ് നിഷാദ് എത്തിയത്. ഇടവഴിയിലൂടെ വയോധികയുടെ അടുത്തേക്കെത്തിയ നിഷാദ്, മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവാസികളിൽ നിന്നുള്ള വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ മോഷണത്തിനായി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് സ്കൂട്ടറാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കവർന്ന മാല സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ വഴിയിൽ ഉപേക്ഷിച്ചെങ്കിലും പൊലീസ് അത് കണ്ടെടുത്തു.
ഇൻസ്പെക്ടർ കെ ജി പ്രതാപചന്ദ്രൻ, എസ്ഐ സെനി ബി, സീനിയർ സിപിഒ മാരായ നിസാർ വി എച്ച്, ശ്രീജിത്ത് പി ആർ, രതീഷ് എം, സിപിഒ മാരായ നിധീഷ് മോൻ ടി, ശരത് യു എസ്, റിയാസ് പി എ, ലിജു കെ എൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. സമാന സ്വഭാവമുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



