വാടക വീട് അന്വേഷിച്ചെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്ക് വന്നു; നഗ്നതാ പ്രദര്‍ശനത്തിൽ അറസ്റ്റ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോടാലി സ്വദേശി പുത്തന്‍വീട്ടില്‍ ഗോപാല്‍ (28) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം ആളൂര്‍ എസ്.ഐ. എം. അഫ്‌സലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്ക് വന്ന് ഇവിടെ മുതിര്‍ന്നവര്‍ ആരുമില്ലേ എന്ന് ചോദിച്ചായിരുന്നു ഇയാൾ എത്തിയത്. ഒരു വാടക വീട് അന്വേഷിച്ച് വന്നതാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ ഇയാള്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാന്റ് ചെയ്തു. പോക്‌സോ വകുപ്പ് ഉള്‍പ്പെടെയാണ് കേസ് എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂര്‍ എസ്.ഐ. എം.അഫ്‌സല്‍, എ.എസ്.ഐ. വി.എം. മിനിമോള്‍, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം