കൊച്ചി ഇടപ്പള്ളിയിൽ എംഡിഎംഎയുമായി 25-കാരനായ ഇഹ്‌ജാസ് എന്ന യുവാവിനെ ഡാൻസാഫ് ടീം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 3.67 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ആസാദ് റോഡ് ബ്ലായിപ്പറമ്പ് വീട്ടിൽ ഇഹ്‌ജാസിനെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ഇടപ്പള്ളി ഭാഗത്ത് എം ഡി എം എ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്കാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് വിവരം നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെഎ അബ്‌ദുൾ സലാമിന് കൈമാറി. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കൊച്ചിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇഹ്ജാസ് പിടിയിലായത്. 

പിടിയിലായ പ്രതിക്ക് 25 വയസാണ് പ്രായമെന്ന് പൊലീസ് പറയുന്നു. ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഉടുപ്പിലെ കീശയിൽ സൂക്ഷിച്ച നിലയിൽ എം ഡി എം എ കണ്ടെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 3.67 ഗ്രാം തൂക്കം വരും. ഇയാളെ പിന്നീട് ലോക്കൽ പൊലീസിന് കൈമാറി. വൈദ്യ പരിശോധന അടക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.