കണ്ണൂരിൽ വെച്ച് ആർ പി എഫ് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.
കണ്ണൂർ: മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്തു. രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്. അതിക്രമം നടത്തിയ മംഗലാപുരം കാർവാർ സ്വദേശി സൈമണിനെ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിൽ വെച്ച് ആർ പി എഫ് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ട് ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായിരുന്നു. കേസിൽ ഒഡീഷ സ്വദേശിയായ സർബെശ്വർ പരീധ എന്ന യുവാവാണ് പിടിയിലായത്. പത്തു വർഷത്തോളമായി കണ്ണൂരിൽ ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു. നൂറിലേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ആർ പി എഫും കേരള പൊലീസും ട്രെയിൻ കല്ലേറിൽ അന്വേഷണം നടത്തിയിരുന്നു.
പ്രതി സർബെശ്വർ പരീധ കുറ്റം സമ്മതിച്ചെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. മദ്യ ലഹരിയിലായിരുന്നു ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതി പറയുന്നത്. മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് ചെയ്തതെന്നും പ്രതി സർബെശ്വർ പരീധ കുറ്റസമ്മതം നടത്തിയെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ അട്ടിമറി സൂചനകളില്ലെന്നും കമ്മീഷണർ അജിത് കുമാർ അറിയിച്ചു. കണ്ണൂരിലെ പറക്കണ്ടിയിൽ വച്ചാണ് ഞായറാഴ്ട നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെ ഇയാൾ കല്ലേറ് നടത്തിയത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു കല്ലേറ് നടന്നത്.
