പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന യുവാവാണ് പരാക്രമം കാട്ടിയത്
തൊടുപുഴ: വിവാഹാലോചനയുമായി വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചതായി പരാതി. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവ് വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ തൊടുപുഴ പൊലീസാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ മണക്കാടാണ് സംഭവമുണ്ടായത്. പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന യുവാവാണ് പരാക്രമം കാട്ടിയത്.
മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന യുവാവ് ആദ്യം വീട്ടുകാരോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടി ഈ സമയം
വീട്ടിലുണ്ടായിരുന്നില്ല. ബംഗളൂരുവിൽ പഠിക്കുകയാണെന്ന് വീട്ടുകാർ അറിയിച്ചു. ഇതോടെ ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത് തരണമെന്ന് യുവാവ് നിർബന്ധം പിടിച്ചു. എന്നാൽ വീട്ടുകാർ ഇതിന് തയ്യാറായില്ല.
ഇതോടെ പെൺകുട്ടിയുടെ അനുജത്തിയെ കാണണമെന്നതായി യുവാവിന്‍റെ ആവശ്യം. ചേച്ചിയെ അല്ലെങ്കിൽ അനുജത്തിയെ വിവാഹം കഴിച്ച് നൽകിയാലും മതിയെന്നും യുവാവ് പറഞ്ഞു. ഇതോടെ സാഹചര്യം മോശമാകുകയായിരുന്നു. ഇതൊന്നും നടക്കില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചതെന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പരിക്കേറ്റ പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, വീട്ടിലുണ്ടായ തർക്കത്തിനിടെ യുവാവിനും മർദനമേറ്റതായാണ് വിവരം. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും പൊലീസിൽ ഇതുവരെയും പരാതി നൽകിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം തൊടുപുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയയാൾ അറസ്റ്റിലായി എന്നതാണ്. ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനാണ് തൊടുപുഴ പൊലീസിന്‍റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്തംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു. ആഭരണത്തിൽ 916 ഹോൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണകടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാനമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്.
