കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതിയിൽ പുനലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് സമീപം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷന് സമീപത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പുനലൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. പത്തനാപുരം പിറവന്തൂർ ഉന്നതിയിലെ താമസക്കാരനായ 35 വയസ്സുള്ള സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്ത് തീ കൊളുത്തിയ ശേഷം ഇയാൾ സ്റ്റേഷൻ വളപ്പിലേക്ക് എത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് സുരേഷിനെതിരെ ഭാര്യ പുനലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പുനലൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത്. സ്റ്റേഷനിലേക്ക് കയറുന്ന വഴിയിൽ വച്ച് ഇയാൾ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്ത് കൂടി ഒഴിക്കുകയും തീ കൊളുത്തിയശേഷം സ്റ്റേഷൻ വളപ്പിലേക്ക് സുരേഷ് എത്തുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് തീ അണച്ച ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരന്തരം വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കുട്ടികളെ ഉൾപ്പെടെ ഉപദ്രവിയുകയും ചെയ്യാറുണ്ടെന്നും മുമ്പും സമാന രീതിയിൽ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി ഭാര്യയും ബന്ധുക്കളും പറഞ്ഞു. മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്. രണ്ട് മാസം പ്രായമുള്ള ഒരു കൈകുഞ്ഞും അഞ്ചും രണ്ടും വയസ്സുള്ള മറ്റു രണ്ടു കുട്ടികളുമാണുള്ളത്.
