മാരുതി എക്കോ കാറിൽ 'കൂളായി' ഷിഹാസ്, രഹസ്യം എല്ലാമറിഞ്ഞ് പൊലീസ് കാത്തിരുന്നു, പിടിച്ചത് 15 ലക്ഷത്തിന്റെ ലഹരി
സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയിൽ ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെ(34) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കാറിൽ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയിൽ ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെ(34) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹാൻസ്, കൂൾ എന്നിവയുടെ വൻശേഖരം വിൽപ്പന നടത്തുവാൻ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഹരിപ്പാട് - കായംകുളം എൻ എച്ച് 66 റോഡിൽ മാളിയിക്കേൽ പെട്രോൾ പമ്പിനു സമീപം ജംഗ്ഷനിൽ വെച്ചായിരുന്നു വാഹന പരിശോധന. അതുവഴി എത്തിയ കെഎൽ-04 എജെ 8020 എന്ന നമ്പർ പതിച്ച മാരുതി എക്കോ വാഹനത്തിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്. 15 എണ്ണം അടങ്ങിയ 50 പയ്ക്കറ്റുകളുടെ 30 ചാക്ക് ഹാൻസും എട്ടെണ്ണം അടങ്ങിയ 57 പാക്കറ്റുകളുടെ 13 ചാക്ക് കൂൾ, പുകയില ഉൽപ്പന്നങ്ങളും പിടികൂടുകയായിരുന്നു. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം സബ്ബ് ഡിവിഷൻ ഓഫീസർ അജയനാഥിന്റെ മേൽ നോട്ടത്തിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ സുനീഷ് എന്നിന്റെ നേതൃത്വത്തിൽ എസ്. ഐ ബജിത്ത് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം കുമാർ, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം