കോഴിക്കോട് കക്കോടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ ഇതിന് മുൻപും സമാനമായ രീതിയിൽ മോഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി.
കോഴിക്കോട്: ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി തേനാടത്ത് പറമ്പില്‍ വിജീഷിനെയാണ് (38) ചേവായൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്.
കക്കോടിയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ വൈകീട്ടോടെയാണ് മോഷണ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ സ്ഥാപനത്തില്‍ തടഞ്ഞുവെച്ച ശേഷം ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. അല്‍പനേരത്തിന് ശേഷം പൊലീസ് എത്തി വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇതിന് മുന്‍പും ഇയാള്‍ മദ്യം മോഷ്ടിച്ചതായി വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വിജീഷ് കുറ്റം ചെയ്തതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.


