വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ തത്പരനായ യുവാവിനെ നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും ഏറെ പരിചയമായിരുന്നു. കൊവിഡ് കാലത്ത് ഓട്ടോമേറ്റീവ് സാനിറ്ററി മെഷ്യന്‍ സ്വന്തമായി നിര്‍മ്മിച്ച് പൊലീസ് സ്റ്റേഷനിലും മറ്റ് സ്ഥലങ്ങളിലും ഇയാള്‍ സ്ഥാപിച്ചിരുന്നു.


അടിമാലി: വിഷം കഴിച്ച് മലമുകളില്‍ അവശനിലയിലായ യുവാവിനെ ഏറെപ്പണിപ്പെട്ട് കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. അടിമാലി പൊലീസിന്‍റെ സമയോജിത ഇടപെടലിലൂടെ യുവാവ് അപകടനില തരണം ചെയ്തു. അടിമാലി ആയിരമേക്കര്‍ സ്വദേശിയായ 22 കാരനാണ് പൊലീസിന്‍റെ ഇടപെടലിലൂടെ ജിവിതത്തിലേക്ക് തിരിച്ച് കയറിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രയിലേയ്ക്ക് മാറ്റിയ യുവാവ് അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആയിരമേക്കര്‍ സ്വദേശിയും ഇളയ മകനും അടിമാലി പൊലീസ് സ്‌റ്റേഷനിൽ എത്തി, മൂത്തമകന്‍ വിഷം കഴിച്ചെന്ന് അറിയിച്ചത്. വൈകീട്ട് നാല് മണിയോടെ വീട്ടില്‍ നിന്നും ബൈക്കുമായി പോയ മൂത്തമകനെ ആറ് മണിയോടടുത്ത് വിളിച്ചപ്പോള്‍ വിഷം കഴിച്ചെന്ന് പറഞ്ഞെന്നും എന്നാല്‍ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലെന്നുമായിരുന്നു അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പറഞ്ഞത്. 

വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ തത്പരനായ യുവാവിനെ നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും ഏറെ പരിചയമായിരുന്നു. കൊവിഡ് കാലത്ത് ഓട്ടോമേറ്റീവ് സാനിറ്ററി മെഷ്യന്‍ സ്വന്തമായി നിര്‍മ്മിച്ച് പൊലീസ് സ്റ്റേഷനിലും മറ്റ് സ്ഥലങ്ങളിലും ഇയാള്‍ സ്ഥാപിച്ചിരുന്നു. ഇതിനാല്‍ തന്നെ സ്റ്റേഷനിലെ പല പൊലീസുകാര്‍ക്കും യുവാവിനെ പരിചയമായിരുന്നു. അതോടൊപ്പം ജില്ലയെ കുറിച്ച് ഒരു ബ്ലോഗ് യുവാവ് സാമൂഹികമാധ്യമങ്ങളില്‍ ചെയ്തിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ നാട്ടുകാര്‍ക്കും യുവാവിനെ ഏറെ പരിചിതമായിരുന്നു. 

അടിമാലി പൊലൊരു പ്രദേശത്ത്, എവിടെയാണ് യുവാവിനെ കണ്ടെത്തുകയെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നപ്പോള്‍ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവച്ചത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നാടിനോടുള്ള തന്‍റെ ഇഷ്ടം തുറന്ന് പറയുന്ന വീഡിയോയിരുന്നു അത്. ലോകത്ത് മറ്റെവിടെക്കാളും തനിക്ക് സന്തോഷം നൽകുന്നത് സ്വന്തം നാടാണെന്നും അതുകൊണ്ടാണ് സാമൂഹിക മാധ്യമ പ്രൊഫൈലുകളിൽ നാടിന്‍റെ പേരുകൂടി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മറ്റും യുവാവ് ഏറെ ദുഃഖത്തോടെ പങ്കുവയ്ക്കുന്ന വീഡിയോയായിരുന്നു അത്. 

വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ നന്നായി കാറ്റുള്ള പ്രദേശത്ത് നിന്നാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ലക്ഷ്മി എസ്‌റ്റേറ്റിലെ മലമുകളിലേയ്ക്ക് പൊലീസ് സംഘം പുറപ്പെട്ടു. എന്നാല്‍ അവിടെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൂമ്പൻപാറയ്ക്കടുത്തുള്ള പെട്ടിമുടി വ്യൂപോയിന്‍റും സമാന സാഹചര്യമുള്ള പ്രദേശമാണെന്ന വിലയിരുത്തലിൽ, തിരച്ചിൽ സംഘം അവിടേയ്ക്ക് പുറപ്പെട്ടു. വാഹനം താഴെ നിര്‍ത്തിയിട്ടാലും ഏതാണ്ട് ഒന്നര കിലോമീറ്ററിലധികം ദുര്‍ഘടമായ പാതയിലൂടെ നന്നാല്‍ മാത്രമേ മലമുകളിലെത്താന്‍ കഴിയൂവെന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. 

ഇതിനിടെ യുവാവിന്‍റെ സുഹൃത്തുക്കളും സഹോദരനും ബൈക്കുമായി പലവഴിക്ക് യുവാവിനെ അന്വേഷിച്ചിറങ്ങി. കൂമ്പൻപാറയ്ക്കടുത്തുള്ള പെട്ടിമുടി വ്യൂപോയിന്‍റ് താഴെ യുവാവിന്‍റെ ബൈക്ക് കണ്ടെത്തിയത് ഇതിനിടെ ആശ്വസമായി. എന്നാല്‍, ഏതാണ്ട് കുത്തനെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം താണ്ടുകയായിരുന്നു ഏറെ ദുഷ്ക്കരം. ഒടുവില്‍ ഓടിയും നടന്നും പൊലീസും നാട്ടുകാരം മലമുകളിലെത്തി. ഒടുവില്‍ അവശനിലയിലായ യുവാവിനെ കണ്ടെത്തി. തുടര്‍ന്ന് പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഏറെ കഷ്ടപ്പെട്ട് ചുമന്ന് താഴെയെത്തിച്ചു. അപ്പോഴേക്കും സമയം ഏതാണ്ട് ഒമ്പതര കഴിഞ്ഞിരുന്നു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സ നല്‍കി. ശേഷം വിദഗ്ദ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രയിലേയ്ക്ക് മാറ്റി

തമിഴ്‌നാട്ടിലെ ജോലിസ്ഥലത്ത് വച്ച് സ്ഥലവാസികളായ ചിലർ തന്നെ നിരന്തരം ഭീഷിണിപ്പെടുത്തിയിരുന്നെന്നും ഇതേത്തുടർന്നുള്ള മാനസീക പീഡനം താങ്ങനാവാതെയാണ് യുവാവ് വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സി ഐ ക്ലീറ്റസ് കെ ജോസ്, എസ് ഐ മാരായ ജൂഡി റ്റി പി, എസ് സി പി ഒ അജിത്, സിപിഒ ദീപു എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.

കൂടുതല്‍ വായിക്കാന്‍: ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; തളരാതെ ബസ് ഒതുക്കി നിര്‍ത്തിയ ഡ്രൈവര്‍ രക്ഷിച്ചത് 48 ജീവനുകള്‍