ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ഇടുക്കി: മകള്‍ക്ക് മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലേയ്ക്ക് പോയ യുവാവ് കാറിടിച്ച് മരിച്ചു. രാജാക്കാട് എന്‍ ആര്‍ സിറ്റി മുട്ടിമറ്റത്തില്‍ ബിനീഷ് (43) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി മകള്‍ക്ക് മരുന്നു വാങ്ങാനായി രാജാക്കാടിന് വരുന്ന വഴി രാജാക്കാട് മാങ്ങാത്തൊട്ടി കവലയില്‍ വച്ച് നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു.

വീട്ടിൽ കറണ്ട് കിട്ടി, ആഘോഷിക്കാൻ കൂട്ടുകാരനെ വിളിച്ചുവരുത്തിയത് ദുരന്തമായി; പാറക്കുളത്തിൽ ജീവൻ നഷ്ടം

തലയ്ക്ക് ഗുരുതര പരുക്കേറ്റ ബിനിഷിനെ സമീപത്തെ വ്യാപാരികളും,നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മരിച്ചത്. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് നാലിന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. ഭാര്യ അശ്വതി കനകപ്പുഴ താളനാനിയില്‍ കുടുംബാംഗം. മക്കള്‍: ശിവാനി, ശ്രീനന്ദ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ എറണാകുളത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്കേറ്റു എന്നതാണ്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. ഇവരെ കേലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. മറ്റ് രണ്ടുപേരുടെയും അവസ്ഥ വലിയ കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.