പെൺസുഹൃത്തിന് പണം കൊടുത്തു; തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ സംഘം വീട്ടിലെത്തി മർദ്ദിച്ചു, യുവാവിന് ഗുരുതര പരിക്ക്
മാർട്ടിൻ ചെന്നൈയിലുള്ള പെൺസുഹൃത്തിന് നൽകിയ പണം തിരികെ ചോദിച്ചതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ്
തിരുവനന്തപുരം: പെൺ സുഹൃത്തിനു നൽകിയ കാശ് തിരികെ ചോദിച്ചതിന് ഗുണ്ടാ സംഘം യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ഗോവിന്ദ മംഗലം പഴശ്ശി ഹൗസിൽ അരുൺ കുമാർ, ബന്ധു അനൂപ് എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. പ്രതികളായ വെമ്പായം പുത്തൻവീട്ടിൽ ഫിറോസ്, ദീപക്, നന്തൻകോട് നവോദയ റെസിഡൻസ് NRA80-ൽ ദിലീപ് എന്ന ശ്രീജിത്ത്(30) എന്നിവരെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പത്തിലധികം പ്രതികളുണ്ടെന്നാണ് വിവരം. അരുൺകുമാറിന് തലയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരുണിൻ്റെ സഹോദരൻ മാർട്ടിൻ ചെന്നൈയിലുള്ള പെൺസുഹൃത്തിന് നൽകിയ പണം തിരികെ ചോദിച്ചതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.