ചടയമംഗലത്ത് റോഡരികിലൂടെ നടന്നുപോയ യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ടു, യുവതിക്ക് ഗുരുതര പരിക്ക്
കാർ തനിക്ക് നേരെ പാഞ്ഞ് വരുന്നത് കണ്ടെങ്കിലും സുജിതകുമാരിക്ക് ഇവിടെ നിന്ന് മാറിനീങ്ങാൻ സമയം കിട്ടിയില്ല
കൊല്ലം: കൊല്ലം ചടയമംഗലത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ചടയമംഗലം ഗവൺമെന്റ് യുപി സ്കൂളിലെ ജീവനക്കാരിയായ സുജിതകുമാരിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സുജിതകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 10.18 നാണ് സംഭവം നടന്നത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സുജികുമാരിക്ക് നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞെത്തുകയായിരുന്നു.
കാർ തനിക്ക് നേരെ പാഞ്ഞ് വരുന്നത് കണ്ടെങ്കിലും സുജിതകുമാരിക്ക് ഇവിടെ നിന്ന് മാറിനീങ്ങാൻ സമയം കിട്ടിയില്ല. അതിന് മുൻപേ വാഹനം യുവതിയെ ഇടിച്ചിട്ടു. ഇതിന് ശേഷം റോഡിൽ സഡൻ ബ്രേക്കിട്ട് നിർത്തിയ കാർ എതിർ ദിശയിൽ നിന്ന് വാഹനത്തിൽ ഇടിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇതുവഴി പോയ വാഹനങ്ങൾ അപകടത്തിന് പിന്നാലെ സ്ഥലത്ത് നിർത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുജിതയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.