കൊല്ലം കടമ്പനാട് ക്ഷേത്രത്തിന് സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോരുവഴിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണ്.
കൊല്ലം: മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പോലീസ് പിടിയിൽ. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ (29) ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച പുലർച്ചെ 3.10 ഓടെയാണ് കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. പരാതിയെ തുടർന്ന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ പോകുന്നതായി കണ്ടെത്തി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ എനാത്ത് പോലീസ് കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ഇയാളെ പിടികൂടുകയായിരുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ രാഹുൽ ചന്ദ്രൻ, എ.എസ്.ഐ സോളമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സാഗർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.















