സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കല്‍ കുതിരക്കോട് സ്വദേശി കെഎ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കല്‍ കുതിരക്കോട് സ്വദേശി കെഎ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായിട്ടാണ് പിടികൂടിയത്.

തൃക്കണ്ണാട് ചിറമ്മൽ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിനെ കണ്ട് യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചത്. സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ച ആളെ സാഹസികമായി പിടികൂടുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. 20.110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ എസ്എച്ച്ഒ ഡോ. അപർണ ഒഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്പെകർ സവ്യസാചി, മനുകൃഷ്‍ണൻ സിപിഒ അരുൺ കുമാർ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കരിപ്പൂരിലും വൻ എംഡിഎംഎ വേട്ട

മലപ്പുറം കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട. ചെന്നൈ എയർപോർട്ട് കാർഗോ വഴി കടത്തിയ ഒന്നര കിലോയിലധികം എംഡിഎംഎയാണ് പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. ആഷിഖ് മറ്റൊരു ലഹരി കേസിൽ കൊച്ചിയില്‍ ജയിലിലാണ്. ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴിയാണ് എംഡിഎംഎ എത്തിയതെന്നാണ് നിഗമനം. ഏജൻസി ആഷിഖിന്റെ വീട്ടിലേയ്ക്ക് എംഡിഎംഎ എത്തിച്ചുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 1665 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 40 പൊതികളിലാക്കിയായിരുന്നു എംഡിഎംഎ കടത്തിയത്.

Also Read: ഒമാനിൽ നിന്ന് പാർസലായി എത്തിക്കും; കരിപ്പൂരിൽ വീട്ടിലെ പരിശോധനയിൽ ഒന്നരകിലോ എംഡിഎംഎ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം