നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ തന്നെയുള്ള ബൈക്കിലായിരുന്നു ദീപുവിന്റെ കറക്കം.

ചേര്‍ത്തല: മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു കറങ്ങി നടന്ന യുവാവ് പിടിയില്‍. നഗരത്തില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനമോഷ്ടാവ് കുടുങ്ങിയത്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് ദീപു(24)ആണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. 

പൊലീസ് കസ്റ്റഡിയിലുള്ള വണ്ടിയുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വ്യാജ നമ്പരില്‍ ഓടിച്ച ബൈക്ക് തൃശൂര്‍ കുന്നംകുളത്തുനിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല മോട്ടോര്‍വാഹന ഇന്‍സ്പക്ടര്‍ കെ.ജി.ബിജുവിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയിത്.

നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ തന്നെയുള്ള ബൈക്കിലായിരുന്നു ദീപുവിന്റെ കറക്കം. മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഇയാളുടെ പേരില്‍ കുത്തിയതോട് മാരാരിക്കുളം സ്‌റ്റേഷനിലും മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.