സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകന്നെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ ആഭിലാഷ് ബെർലിൻ (39)നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് ആണ് സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകന്നെന്ന് പറഞ്ഞ് പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പാറശാല സർക്കിൾ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർമാരായ സജി, ബാലു, ഷറഫുദ്ദിൻ, സി പി ഒ മാരായ സാമൻ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്. 

അതേസമയം തിരുവനന്തപുരത്ത് മറ്റൊരു പീഡനക്കേസില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തു. നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ നിയമ പ്രകാരം പുത്തൻപാലം സ്വദേശി വിഷ്ണു, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ 15 വയസ്സായ പെൺകുട്ടിയെയാണ് ഇരുവരും പീഡിപ്പിച്ചത്. 

ഷാഡോ പൊലീസ് ആണെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണുവാണ് പെൺകുട്ടിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തെ ഫ്രണ്ട്സ് ലോഡ്ജിലാണ് ഇയാൾ പെൺകുട്ടിയെ താമസിപ്പിച്ചത്. ഇവിടെവെച്ചാണ് പീഡനം നടന്നത്. ലോഡ്ജ് ഉടമ ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More : ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല; ഹൈക്കോടതി

YouTube video player