'നല്ല കള്ള് ആ ഷാപ്പിൽ കിട്ടും'; കൊച്ചിയിൽ അതിഥി തൊഴിലാളിയെ പറ്റിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു.

youth arrested for stealing migrant worker mobile phone and money in kochi offering liqour

കൊച്ചി: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ്  ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടതും കബളിപ്പിക്കുന്നതും.

തൊട്ടടുത്തുള്ള ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്ത് അതിഥി തൊഴിലാളിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു. പിന്നീട് ബൈക്കിൽ കയറ്റി കൊണ്ടുപോയി. 

യാത്രക്കിടെ ഇടയ്ക്ക് വച്ച് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തി, മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഡി.വൈ.എസ്.പി വി ടി ഷാജന്റെ നേതൃത്വത്തിൽ  ഇൻസ്‌പെക്ടർ കെ.പി ജയപ്രകാശ്, എസ് ഐമാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എ.എസ്.ഐമാരായ കെ കെ സുരേഷ്‌ കുമാർ, മനോജ്‌ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ആർ അഖിൽ, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read More : ഹരിപ്പാട് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, കണ്ണൂരിലെ ഹെറിറ്റേജ് ഹോമിൽ ഒളിവിലായിരുന്ന പ്രതിയെ പൊക്കി
 

Latest Videos
Follow Us:
Download App:
  • android
  • ios