Asianet News MalayalamAsianet News Malayalam

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

ബത്തേരി പൊലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയെ ആണ് പൊലീസ് പൊക്കിയത്.

youth arrested under kappa act in wayanad
Author
First Published Nov 7, 2022, 8:49 PM IST

സുല്‍ത്താന്‍ബത്തേരി: ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ യുവാവിനെ പോലീസ് പിടികൂടി ജയിലില്‍ അടച്ചു. ഏഴ്  വര്‍ഷത്തിനുള്ളില്‍ പതിനമൂന്നോളം കേസുകളില്‍ പ്രതിയുമായ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെയാണ് ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. 

ബത്തേരി പൊലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി നിരവധി കേസുകളില്‍ സംജാദ്  പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവി ആര്‍. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. 

ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയികളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരെ തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. അതിനിടെ ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ നിരവധി യുവാക്കളാണ് അടുത്ത കാലങ്ങളിലായി എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പരിശോധനയില്‍ പിടിയിലായത്. ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവരുടെ നീക്കം നിരീക്ഷിക്കാനും തുടര്‍ന്നും കേസുകളിലുള്‍പ്പെട്ടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കാനുമാണ് നീക്കം.

Read More : ജീവനക്കാർ തമ്മിൽ തർക്കം; ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി, സംഭവം കൊല്ലത്ത്

Follow Us:
Download App:
  • android
  • ios