'ചേട്ടാ, ഓൺലൈൻ വഴി ലോൺ സെറ്റാക്കാം', ഗൂഗിൾ പേ വഴി കോഴിക്കോട്ടുകാരനെ പറ്റിച്ച് 2 ലക്ഷം തട്ടി, യുവാവ് പിടിയിൽ
സമാന രീതിയിൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ച കേസും ഇയാളുടെ പേരിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലുണ്ട്.
ആലപ്പുഴ: ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയ കേസി പ്രതിയെ പൊലീസ് പിടികൂടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമനയിൽ കിളിയേറ്റില്ലം വീട്ടിൽ ബിബിൻ ജോൺസൺ (30) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയെ 10 ലക്ഷം രൂപ ലോൺ തരമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
പെരിങ്ങാല നടക്കാവ് സ്വദേശിയിൽ നിന്നുമാണ് ബിബിൻ ജോൺസൺ പണം തട്ടിയത്. ലോൺ തുക ലഭിക്കാനായുള്ള പ്രോസസിംഗ് ഫീസ് ആണെന്നും പറഞ്ഞ് ഗൂഗിൾ പേ മുഖേന 205000 രൂപയാണ് ബിബിൻ കോഴിക്കോട് സ്വഗേശിൽ നിന്നും തട്ടിയെടുത്തത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാന രീതിയിൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ച കേസും ഇയാളുടെ പേരിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലുണ്ട്.
ഈ കേസുകൾ കൂടാതെ കൂടാതെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എടിഎം കവർച്ച കേസിലും, നൂറനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.