അരീക്കോട് ഭാഗത്ത് ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് ലഹരിമരുന്ന്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മലപ്പുറം: എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകളിൽ മലപ്പുറം അരീക്കോട് നിന്നും 22.21 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശി ഷാക്കിർ ജമാൽ.പി.സി(28) എന്നയാളാണ് പിടിയിലായത്. അരീക്കോട് ഭാഗത്ത് ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് ലഹരിമരുന്ന്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ ഉം പാർട്ടിയും, ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ.ടി യും പാർട്ടിയും ചേർന്നാണ് രാസലഹരി പിടികൂടിയത്.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആസിഫ് ഇക്ബാൽ.കെ, സിവിൽ എക്സൈസ് ഓഫീസർ അനീസ് ബാബു, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ.എം എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ അടിമാലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.10 കിലോഗ്രാം കഞ്ചാവുമായി 57 വയസുകാരൻ അറസ്റ്റിലായി. കൽകൂന്തൽ സ്വദേശി ജോസഫ്.പി.ഡി എന്നയാളാണ് എക്സൈസിന്‍റെ പിടിയിലായത്. അടിമാലി നർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ രാഹുൽ ശശിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ദിലീപ്.എൻ.കെ, ബിജു മാത്യു, സെബാസ്റ്റ്യൻ.പി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഹാഷിം, അലി അഷ്‌കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


